സാന്ത്വനം
സൂര്യവെളിച്ചം വഴി മുടക്കിയ ജീവിതമാണ് ഇന്ദിരാദേവിയുടേത്. എന്നാല്‍ സ്വന്തം ജീവിതം കൊണ്ട് അനേകര്‍ക്ക് വെളിച്ചം പകര്‍ന്ന് അവര്‍ ഇതിന് പകരം വീട്ടുന്നു. തിരുവനന്തപുരം പട്ടത്തെ ഒറ്റമുറി ഫ്ളാ്റ്റിലെ ഇരുട്ടിന്റെ കൂട്ടിലിരുന്ന് മറ്റുളളവര്‍ക്ക് വേണ്ടി സ്വയം പ്രകാശിക്കുന്നു. എല്ലാവര്ക്കും വെളിച്ചത്തിന്റെ അനുഗ്രഹം ചൊരിയുന്ന സൂര്യന് ഇന്ദിരാദേവിക്ക് നല്‍കിയത് അത്യപൂര്‍വ രോഗത്തിന്റെ ദുരിതങ്ങള്‍. ലക്ഷത്തിലൊരാള്‍ക്ക് മാത്രം വരുന്ന ഡിസ്കോയിഡ് ലപസ് എരിത്മെറ്റോസിസ് എന്ന രോഗം. തൊലിപ്പുറത്ത് സൂര്യവെളിച്ചമേറ്റാല് അവിടെ പൊള്ളും, നിറം മാറും, തലമുടി കൊഴിയും, ശരീരമാസകലം അസ്വസ്ഥമാകുകയും ചൊറിയലുണ്ടാകുകയും ചെയ്യും. അതുകൊണ്ടു തന്നെ വെയിലേറേല്ക്കാതെ ശരീരം നോക്കണം. സൂര്യന് ഉദിക്കുന്നതിന് മുന്‍പോ അസ്തമിച്ച ശേഷമോ മാത്രം പുറം ലോകം കാണാന്‍ കഴിയുന്ന ദുര്‍വിധി.എന്നാല്‍ വിധിയുടെ വഴിയിലെ കരിയിലയാകാന് ഇന്ദിരാദേവി ഒരുങ്ങിയില്ല. പകരം ചങ്കുറപ്പിന്റെ വേറിട്ട വഴിയോരത്ത് അവര്‍ തണല്‍ മരമായി. അതില്‍ അനേകര്‍ അഭയം തേടി. ജീവനയെന്ന സംഘടനയുടെ ജീവാത്മാവായി. സേവനവഴിയിലെ പുണ്യനക്ഷത്രമാണ് ഇന്ന് ജീവന. വിവാഹ സ്വപ്നങ്ങള്‍ മുരടിച്ച സ്ത്രീകള്‍ക്ക് കൈതാങ്ങായും വിദ്യാര്‍ത്ഥിനികള്‍ക്ക് ധനസഹായമായും ജീവനയിലൂടെ ഇന്ദിരാ ദേവിയുടെ കരങ്ങളെത്തുന്നു. ഞായറാഴ്ച എല്ലാ ദിനപത്രങ്ങളും ഇന്ദിരാദേവി ക്യത്യമായി വാങ്ങിക്കും. അവയിലെ വൈവാഹിക കോളങ്ങളില്‍ അപൂര്‍വമായി വരുന്ന സ്ത്രീധനം വേണ്ടാത്ത പുരുഷന്മാരുടെ വിവാഹപര്യസങ്ങള് ചികഞ്ഞെടുക്കും. അത് ക്യത്യമായി ഡയറിയില്‍ കുറിച്ചിടും. പിന്നീട് സമയമനുസരിച്ച് പരസ്യത്തില്‍ കാണുന്ന വിലാസത്തില്‍ ബന്ധപ്പെടും. അവിവാഹിതയായ ഇന്ദിരാദേവി വിവാഹപര്യസങ്ങള് ശ്രദ്ധിക്കുന്നത് സ്വന്തം ജീവിതത്തിന് വേണ്ടിയല്ല. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരും നിര്‍ധനരായവരുമായ പെണ്‍കുട്ടികള്‍ക്കുവേണ്ടിയാണ്. എത്രയോ പെണ്‍കുട്ടികള്‍ പണമില്ലാത്തതിന്റെ പേരില്‍ കുടുംബമെന്ന സങ്കല്പത്തില് നിന്നകന്നുപോകുന്നു. ഇത്തരം ഒട്ടേറെ ജീവിതങ്ങള്‍ക്ക് വെളിച്ചം പകരാന്‍ ഇന്ദിരാദേവിക്കാകുന്നു. വിവാഹം സ്വപ്നം മാത്രമായിരുന്ന ഒട്ടേറെ പെണ്‍കുട്ടികള്‍ ജീവനയിലൂടെ ഇണയുടെ കൈപിടിച്ച് നടക്കുന്നത് ഇന്ദിരാദേവി മനം നിറയെ കണ്ടു.93 കുട്ടികള്‍ക്ക് ജീവന പഠന സഹായം നല്കുന്നു. അവര്‍ അവരുടെ വീടുകളിലോ ഹോസ്റ്റലിലോ തന്നെ താമസിച്ച് പഠിക്കും. എല്ലാ മാസവും ക്യത്യമായി നേരിട്ടെത്തിയോ തപാലിലോ പണം നല്‍കും. ഹൈസ്കൂള്‍ മുതല്‍ മെഡിക്കല്‍ കോഴ്സിന് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനത്തിന്റെ വെട്ടമൊരുക്കാന് സൂര്യവെളിച്ചം അന്യയായ ഇന്ദിരാദേവിക്കാകുന്നു.പകല്‍ വെളിച്ചത്തില്‍ ഇന്ദിരാദേവി പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങളായി. ചില്ലുകളില്‍ കനത്തില്‍ ഫിലിം ഒട്ടിച്ച കാറില്‍ മാത്രമേ പകല്‍ നേരം യാത്ര ചെയ്യാനാവൂ. പിന്‍സീറ്റിനു പുറകിലെ ചില്ലും കട്ടിയായ തുണികൊണ്ട മറയ്ക്കും. തലയില്‍ സ്കാര്‍ഫും കറുത്ത തൊപ്പിയും ധരിക്കും.ദേഹം മുഴുവന്‍ സണ്‍ സ്ക്രീന്‍ ലോഷന്‍ പുരട്ടും. പകല്‍ മുഴുവന്‍ ഫ്ളാറ്റിലെ സൂര്യവെളിച്ചം കടക്കാത്ത മുറിയില്‍ ഇരിക്കാനാണ് ഇന്ദിരയുടെ വിധി. മൂന്നാം നിലയിലെ അല്‍പ്പം മാറ്റിയ ജാലകവിരിയിലൂടെ അവര്‍ ലോകത്തെ കണ്ടറിയുന്നു.17 വര്‍ഷം മുമ്പാണ് രോഗത്തെ കുറിച്ച് അറിയുന്നത്. നേരത്തെ മുതല്‍ തൊലിപുറമെ എന്തോ അസ്വസ്ഥതയുണ്ടായിരുന്നെങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ല. രോഗത്തെ കുറിച്ചുള്ള അറിവ് തളര്ത്തുന്നതായിരുന്നു. ഈ രോഗം അപൂര്‍വമാണെന്നും ശാശ്വത പരിഹാരമില്ലെന്നുമുള്ള അറിവാണ് കൂടുതല്‍ തളര്‍ത്തിയത്. എങ്കിലും രോഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഒര വര്‍ഷം മരുന്ന് കഴിച്ചു. മരുന്നുകള്‍ നയിച്ചത് അതിനേക്കാള്‍ വലിയൊരു ദുരന്തത്തിലേക്കായിരുന്നു. ഗര്‍ഭപാത്രത്തില്‍ കാന്‍സര്‍. പിന്നെ മാരകരോഗത്തെ നശിപ്പിക്കാനായി ചികത്സ. രോഗം ഭേദമാക്കാമെന്ന ആത്മവിശ്വാസവും ഡോക്ടര്‍മാരുടെ ഉറപ്പും പിന്നെയും ചികത്സയെ മുന്നോട്ട് നയിച്ചു. മൂന്നു വര്‍ഷത്തോളം പച്ചമരുന്ന ചികിത്സമാത്രമായി.}ഇപ്പോള്‍ രോഗം പൂര്‍ണമായും ഭേദമായി. തന്റെ വഴി സാമൂഹ്യപ്രവര്‍ത്തനത്തിന്റെ പാതയാണെന്ന് വൈക്കം പള്ളിപ്പുറത്തുശേരിക്കരയിലെ പ്രശസ്തമായ കോവിലകത്ത് എം.കെ.നെടുങ്ങാടി- അംബാലിക ദമ്പതികളുടെ മകളായ ഇന്ദിര കുഞ്ഞുനാളിലേ തിരിച്ചറിഞ്ഞിരുന്നു. പ്രീഡിഗ്രി മുതല്‍ തിരുവനന്തപുരത്ത് പഠിക്കുന്ന ഇന്ദിരാദേവി സാമ്പത്തികശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദം നേടി. പിന്നീട് അക്കൗണ്ട്ന്റ് ജനറല്‍ ഓഫീസില്‍ ഓഡിറ്റ് ഓഫീസറായി. സുഗതകുമാരി ടീച്ചറുടെ പ്രസംഗമാണ് സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണമായി ഇന്ദിരാദേവി പറയുന്നത്. ഒരിക്കല്‍ ഒരു പരിപാടിയില്‍ ടീച്ചര്‍ തിരുവനന്തപുരത്തെ മനോരോഗാശുപത്രിയിലെ രോഗികളുടെ ദയനീയാവസ്ഥ വിവരിച്ചു. അവിടെയെത്തിയപ്പോള്‍ കണ്ട കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു. പിന്നീട് മുഴുവന്‍ സമയ സാമൂഹ്യപ്രവര്‍ത്തകയായി. പല സ്ത്രീ സംഘടനകളുമായി ചേര്‍ന്ന പിന്നീട് പ്രവര്‍ത്തിച്ചു. സുഗതകുമാരിയുടെ അഭയയില്‍ ജോയിന്റ് സെക്രട്ടറിയായും ട്രഷററായും ഏറെക്കാലും ചിലവഴിച്ചു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ജീവനയുടെ പിറവി.കുടുംബ ജീവിതം സാമൂഹ്യപ്രവര്‍ത്തനത്തിന് തടസമാകുമെന്നതിനാലാണ് വിവാഹജീവിതം വേണ്ടെന്ന വെച്ചതെന്ന് പറയുമ്പോഴും വിവാഹത്തിലേക്കും വിദ്യാഭ്യാസത്തിലേക്കും ഇവര്‍ കൈപിടിച്ച് നടത്തിയ പെണ്‍കുട്ടികള്‍ ധാരാളം . വിവാഹം വേണ്ടെന്നുള്ള ഇന്ദിരയുടെ തീരുമാനം യാഥാസ്ഥിതിക കുടുംബത്തില്‍ കൊടുങ്കാറ്റിളക്കിവിട്ടു. എന്നാല്‍ തന്റെ തീരുമാനം തെറ്റിയില്ലെന്ന് ഇന്ദിരാദേവി ഉറച്ചുവിശ്വസിക്കുന്നു. മൂന്നു വര്‍ഷം മുന്‍പാണ് ജോലിയില്‍ നിന്നും വിരമിച്ചത്. അതുവരെ ശമ്പളം മുഴുവന്‍ ചെലവിട്ടത് ജീവനക്ക് വേണ്ടി. ഇപ്പോള്‍ ഐ.എ.എസുകാര്‍ മുതല്‍ സാധാരണക്കാര്‍ വരെ ജീവനക്ക് സഹായം നല്കുന്നു. ഇവരില്‍ നിന്നും സമാഹരിക്കുന്ന പണം ജീവ ക്ലബ് , വിവാഹധനസഹായ പദ്ധതി തുടങ്ങിയവയ്ക്കായി ചിലവഴിക്കും. എന്റെ മരണം ഒരു അനാഥാലയത്തിന്റെ പിറവിക്ക് കാരണമാകും. അതുകൊണ്ട് തന്നെ എനിക്ക് മരിക്കാന്‍ സന്തോഷമാണ്. ഒരു അനാഥാലയം പണിയുകയെന്നത് എന്റെയൊരു സ്വപ്നമാണ് .അതിനുള്ള പണം കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞില്ല. എന്റെ സ്വത്തെല്ലാം ഞാന്‍ `ജീവന` യുടെ പേരില്‍ എഴുതിവെച്ചിട്ടുണ്ട്. അതിനാല്‍ അനാഥാലയമെന്ന സ്്വപനം മരണശേഷം പൂവണിയുമെന്നെനിക്ക് ഉറപ്പുണ്ട്. തീക്ഷ്ണമായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോകാതെ സേവനമേഖലയില്‍ തളരാതെ നിന്ന ഈ 63 കാരിയില്‍ നിന്നുയരുന്നത് സ്വാര്‍ത്ഥ ലോകത്തെ നിസ്വാര്‍ത്ഥ ശബ്ദം.
